ബീഹാറിൽ വർഗീയ സംഘർഷം പുകയുന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലെ ചെറിയ സംഘർഷങ്ങളാണ് സംസ്ഥാനത്തുടനീളം വർഗീയ കലാപത്തിലേക്ക് വഴിമാറിയിരിക്കുന്നത്.



പട്‌ന: ബീഹാറിൽ വർഗീയ സംഘർഷം പുകയുന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലെ ചെറിയ സംഘർഷങ്ങളാണ് സംസ്ഥാനത്തുടനീളം വർഗീയ കലാപത്തിലേക്ക് വഴിമാറിയിരിക്കുന്നത്. ബീഹാറിലെ പതിനേഴ് ജില്ലകളിൽ വർഗീയ സംഘർഷം പടർന്ന് പിടിച്ചിരിക്കുകയാണ്. പലയിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സമസ്തിപൂരിൽ ഒരു സംഘം മുസ്ലീം പള്ളിക്ക് മേൽ കാവിക്കൊടി ഉയർത്തിയത് എരിതീയിൽ എണ്ണ പകർന്നു. പള്ളിയുടെ ഒരു ഭാഗം അക്രമികൾ അഗ്‌നിക്കിരയാക്കിയിട്ടുമുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെയാണ് ഒരുക്കിയിരിക്കുന്നത്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുങ്ങറിലാണ് ഏറ്റവും ഒടുവിലായി സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിഗ്രഹ നിമജ്ഞന യാത്രയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും പാട്ട് പാടിയതും അക്രമങ്ങൾക്ക് കാരണമായത്.
മാർച്ച് 17ന് ഭഗൽപൂരിലാണ് സംഘർഷങ്ങളുടെ തുടക്കം. കേന്ദ്രമന്ത്രി അശ്വനി ചൗബേയുടെ മകൻ അർജിത്തിൻ്റെ നേതൃത്വത്തിൽ ഒരു സംഘം സംഘപരിവാറുകാർ അനുമതിയില്ലാതെ ഘോഷയാത്ര സംഘടിപ്പിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഹിന്ദുക്കളും മുസ്ലീങ്ങളും ചേരിതിരിഞ്ഞ് അക്രമം അഴിച്ച് വിട്ടു. നിരവധി കടകളും വാഹനങ്ങളും തീയിട്ടു. പോലീസുകാരും സാധാരണക്കാരും ആക്രമിക്കപ്പെട്ടു. ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ സർക്കാർ നിരോധിച്ചു. പ്രകോപനപരമായ ദൃശ്യങ്ങളടക്കം പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണിത്. മാർച്ച് 24ന് ശിവാനിലും സംഘർഷമുണ്ടായി. രാമനവമി ഘോഷയാത്ര ഒരു സംഘം തടസ്സപ്പെടുത്തിയതിനെ തുടർന്നായിരുന്നു ശിവാനിലെ സംഘർഷം.
Previous Post Next Post