'സൗജന്യ റേഷനും പണവും കിട്ടിയാല്‍ ആളുകള്‍ ജോലി ചെയ്യുമോ?'; തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ വിമര്‍ശിച്ച് സുപ്രീം കോടതി




ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു മുമ്പായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സൗജന്യ റേഷനും പണവും കിട്ടിയാല്‍ പിന്നെ ആളുകള്‍ ജോലി ചെയ്യാന്‍ മടിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

നഗര മേഖലകളിലെ വീടില്ലാത്തവര്‍ക്ക് അഭയ സ്ഥാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ബിആര്‍ ഗവായിയുടെയും അഗസ്റ്റിന്‍ ജോര്‍ജ് മാസിയുടെയും നിരീക്ഷണം. ''സൗജന്യങ്ങള്‍ കിട്ടുന്നതുകൊണ്ട് ജനങ്ങള്‍ ജോലിക്കു പോവില്ല. അവര്‍ക്കു റേഷന്‍ കിട്ടുന്നുണ്ട്, പണം കിട്ടുന്നുണ്ട്, ഒരു ജോലിയും ചെയ്യാതെ തന്നെ''- കോടതി പറഞ്ഞു. സൗജന്യങ്ങള്‍ കൊടുക്കുന്നതിനു പകരം ജനങ്ങളെ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കി, രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാക്കുകയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

നഗര ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി കോടതിയെ അറിയിച്ചു. വീടില്ലാത്തവര്‍ക്ക് വീട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതില്‍ വരുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ എപ്പോള്‍ പ്രവര്‍ത്തന ക്ഷമമാവുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.
Previous Post Next Post