സാമൂഹിക സുരക്ഷ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീർക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. എന്നാൽ പെൻഷൻ തുക ഉയർത്തുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല.
രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി നൽകുന്നതിന് 11000 കോടി രൂപയിലധികമാണ് സർക്കാർ ചിലവാക്കുന്നത്. 33110 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ പെൻഷൻ നൽകുന്നതിനായി ചെലവാക്കിയത്. കേന്ദ്ര വകയായി രണ്ടുശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. ഇനി മൂന്ന് കുടിശ്ശികകളാണ് കൊടുത്തുതീർക്കാനുള്ളത്. അത് സമയബന്ധിതമായി കൊടുത്തുതീർക്കും- മന്ത്രി വ്യക്തമാക്കി.
വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി 105.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻ വർഷത്തേക്കാൾ എട്ടുകോടി രൂപയധികമാണിത്. മുന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി മുൻവർഷത്തേക്കാൾ മൂന്നുകോടി രൂപ കൂടി ഉയർത്തി 38 കോടി രൂപ വകയിരുത്തി. സാമൂഹിക സുരക്ഷിതത്വവും ക്ഷേമത്തിനുമായി 706.71 കോടി രൂപയും വകയിരുത്തി. മുൻ വർഷത്തേക്കാൾ 80.98 കോടി രൂപ അധികമാണിത്.