മക്കളുടെ മുന്നിൽ ഭർത്താവിനെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡിലാണ് ദാരുണമായ സംഭവം നടന്നത്. ഏഴും ഒമ്പതും വയസ്സുള്ള മക്കളുടെ മുൻപിൽ വച്ചായിരുന്നു സാവന്ത് വാഡി മാൽവൻ സ്വദേശിയായ രാജേഷ് ചവാനെ(30) ഭാര്യയും കാമുകനും ചേർന്ന് കഴുത്തറത്ത് കൊന്നത്. പ്രതികളായ പൂജ ചവാനും (28) ഇമ്രാൻ മൻസൂരിയും (26) ചേർന്നാണ് കൃത്യം നിർവഹിച്ചതെന്നും പൊലീസ് കണ്ടെത്തി. രാജേഷിന്റെ സുഹൃത്തായ ഇമ്രാനുമായി പൂജ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം നടത്തിയ ശേഷം മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി അര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന് പൂജ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസിന്‍റെ തുടക്കം. എന്നാൽ, രാജേഷിനെ കാണാതായെന്നു പറയുന്ന സമയത്തിനു തൊട്ടു മുൻപ് രാജേഷും പൂജയും ഇമ്രാനും കൂടി ഇരുചക്ര വാഹനത്തിൽ പോകുന്ന ദൃശ്യം പൊലീസിനു ലഭിച്ചിരുന്നു. ഇതെത്തുടർന്ന് പൂജയെ ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. ഏറെക്കാലമായി ഇമ്രാൻ മൻസൂരിയുമായി അടുപ്പത്തിലാണെന്നും പൂജ പൊലീസിനോടു സമ്മതിച്ചു.