ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹം; രണ്ടു പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും, അന്വേഷണം...




കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് അറിയിച്ചു

രാവിലെയാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. റെയില്‍വേ പൊലീസും ഏറ്റുമാനൂര്‍ പൊലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ട്രെയിന്‍ ഇടിച്ചത് മൂലം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹങ്ങള്‍.

ട്രെയിനില്‍ നിന്ന് വീണതാകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിന്റെ മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തതാകാം എന്ന വിലയിരുത്തലിലാണ് പൊലീസ്. എങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായത് കൊണ്ട് ശാസ്ത്രീയ പരിശോധന നടത്തേണ്ടി വന്നേക്കാം. പ്രദേശത്ത് കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

അതിനിടെ എറണാകുളം- കോട്ടയം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടാന്‍ സാധ്യതയുണ്ട്. ട്രാക്കില്‍ പരിശോധന നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകള്‍ പിടിച്ചിടാനുള്ള സാധ്യത നിലനില്‍ക്കുന്നത്.
Previous Post Next Post