തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച്.എസ്.എൽ.പി. സ്കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയ സംഭവത്തില്‍ കുട്ടികള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുഞ്ഞുങ്ങളോട് വിഷമിക്കേണ്ടെന്നും കുട്ടികളോടൊപ്പമുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
കുട്ടികള്‍ വിദ്യാഭ്യാസമന്ത്രിക്കെഴുതിയ പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുട്ടികൾ ഉച്ചഭക്ഷണത്തിനായി കൃഷി ചെയ്ത പച്ചക്കറികളാണ് മോഷണം പോയത്. 30 ഓളം കോളിഫ്ലവറുകളും വഴുതനങ്ങയും തക്കാളിയുമാണ് മോഷണം പോയത്. തങ്ങളുടെ പച്ചക്കറി മോഷ്ടിച്ച കള്ളനെ പിടികൂടാനാണ് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് അടക്കം കത്തയച്ചത്. ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറി സ്വന്തം ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കുട്ടികൾ കൃഷി ആരംഭിച്ചത്.