![](https://140news.in/wp-content/uploads/2025/02/befunky-collage-4-jpg_363x203xt.webp)
സംവിധായകൻ സനൽകുമാർ ശശിധരനെതിരായ പരാതിയിൽ കോടതിയിൽ രഹസ്യമൊഴി നൽകി നടി. ഭീഷണി നേരിടുന്നതായും നടി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നടി രഹസ്യമൊഴി നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് നടിയുടെ പരാതി.
അതേ സമയം, സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സനൽകുമാർ ശശിധരനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം 78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
സനല്‍ കുമാറിന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍ കുമാര്‍ അമേരിക്കയിലാണെന്ന പൊലീസിന്‍റെ അനുമാനം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി വ്യക്തമാക്കിയിരുന്നു. 2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.