ഗോധ്ര കൂട്ടക്കൊല: പരോളിലിറങ്ങി മുങ്ങിയ തടവുകാരന്‍ പൂനെയില്‍ പിടിയില്‍




മുംബൈ: ഗോധ്രയില്‍ ട്രെയിനിന് തീവെച്ച് കൂട്ടക്കൊല നടത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി പൂനെയില്‍ പിടിയില്‍. സലിം ജാര്‍ദ എന്ന 55 കാരനെയാണ് പൂനെ റൂറല്‍ പൊലീസ് ജനുവരി 22 ന് അറസ്റ്റ് ചെയ്തത്.

2024 സെപ്റ്റംബര്‍ 17 ന് ഗുജറാത്തിലെ ജയിലില്‍ നിന്നും ഏഴു ദിവസത്തെ പരോളിന് ഇറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒരു മോഷണക്കേസിലാണ് സലിം ജാര്‍ദയെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോധ്ര കൂട്ടക്കൊലക്കേസില്‍ പരോളിലിറങ്ങിയ മുങ്ങിയതാണെന്ന് കണ്ടെത്തുന്നത്.

അന്വേഷണത്തില്‍ സലിമും സംഘവും നടത്തിയ മൂന്ന് കവര്‍ച്ചാക്കേസുകളും തെളിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ഗോധ്രയില്‍ നിന്നും കൂട്ടാളികളുമായി പൂനെയിലെത്തി മോഷണം നടത്തുകയായിരുന്നു പതിവെന്ന് പൂനെ പൊലീസ് അറിയിച്ചു.

2002 ഫെബ്രുവരി 27 നാണ് രാജ്യത്തെ നടുക്കിയ ഗോധ്ര ട്രെയിന്‍ തീവെപ്പുണ്ടാകുന്നത്. സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ചിന് അക്രമികള്‍ തീവെച്ചതിനെത്തുടര്‍ന്ന് 59 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സലിം ജാര്‍ദ അടക്കം 31 പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
Previous Post Next Post