ചുങ്കത്തറയില്‍ എല്‍ഡിഎഫിന് തിരിച്ചടി; യുഡിഎഫ് അവിശ്വാസം പാസ്സായി; പഞ്ചായത്തില്‍ ഭരണ നഷ്ടം




മലപ്പുറം: മലപ്പുറത്തെ ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പി വി അന്‍വറിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം വിജയിച്ചു. ഒമ്പതിനെതിരെ പതിനൊന്നു വോട്ടുകള്‍ക്കാണ് അവിശ്വാസം പാസ്സായത്.

എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീര്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. ടിഎംസി നിലമ്പൂര്‍ മണ്ഡലം കണ്‍വീനര്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പൊലീസ് സുരക്ഷയിലാണ് അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്.

നിലമ്പൂരില്‍ കൂടുതല്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് പറഞ്ഞു. പിണറായിക്കുള്ള തിരിച്ചടി നിലമ്പൂരില്‍ തുടങ്ങുമെന്നും ജോയ് അഭിപ്രായെപ്പട്ടു.

അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കും മുമ്പെ, പഞ്ചായത്തിന് മുന്നില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുന്‍ എംഎല്‍എ പി വി അന്‍വര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയപ്പോള്‍, എല്‍ഡിഎഫ്-സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പാഞ്ഞടുത്തു. തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
Previous Post Next Post