തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകകേസിൽ പ്രതി ഉപയോഗിച്ചത് മദ്യം മാത്രം. രക്തപരിശോധനയിലാണ് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മറ്റ് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കൃത്യം നടത്തിയശേഷം അഫാന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. രണ്ട് കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന്‍ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാന്‍ മൊഴി നല്‍കിയതായാണ് വിവരം.