കോട്ടയം : ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി
മരിച്ചവരെ തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിയായ വീട്ടമ്മയും പെൺമക്കളുമാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകരയിൽ വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.
ഏറ്റുമാനൂരിനും കോട്ടയത്തിനും ഇടയിൽ പാറോലിക്കൽ ഗേറ്റിനു സമീപം പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. നിലമ്പൂർ എക്സ്പ്രസ് കടന്നു പോകുമ്പോൾ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും റെയിൽവേ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചത് ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞത്
കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവ് നോബിയുടെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ ആത്മഹത്യയുടെ വിവരം അറിഞ്ഞത്.
മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളാണ്. ഷൈനിക്ക് 14 വയസ്സുള്ള എഡ്വിൻ എന്ന ഒരു മകൻ കൂടിയുണ്ട്. എഡ്വിൻ എറണാകുളത്ത് സ്പോർട്സ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി