ആലപ്പുഴ: ഭീഷണിയെ തുടര്‍ന്ന് കേരളത്തില്‍ അഭയം തേടിയ ജാര്‍ഖണ്ഡ് സ്വദേശികളായ ആശാ വര്‍മ്മയ്ക്കും മുഹമ്മദ് ഗാലിബിനും സംരക്ഷണമൊരുക്കുമെന്ന് പൊലീസ്. നിയമപരമായ എല്ലാ സുരക്ഷയും കേരള പൊലീസ് നല്‍കുമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതിയുടെ കൂടെ ഇടപെടല്‍ ഉണ്ടായാല്‍ മറ്റാര്‍ക്കും അവരെ കൊണ്ടുപോകാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആശയും ഗാലിബും വര്‍ഷങ്ങളായി സ്‌നേഹബന്ധത്തിലുള്ളവരാണ്. വിവാഹ ശേഷവും ഇരുവരും മതം മാറിയിട്ടില്ല. ഇരുവരുടെയും മത വിശ്വാസങ്ങളില്‍ തുടരുന്നു. ആശ ഗാലിബിനൊപ്പം എത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഇക്കാര്യം ജാര്‍ഖണ്ഡ് പൊലീസിനേയും അറിയിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
കിഡ്‌നാപ്പിഗ് കേസില്‍ ഖാലിബിന് ജാര്‍ഖണ്ഡ് പൊലീസിന്റെ വാറണ്ട് ഉണ്ടെന്നും ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കിഡ്നാപ്പിഗ് കേസ് എങ്ങനെ ഉണ്ടായി എന്നറിയില്ലെന്നും മോഹനചന്ദ്രന്‍ പറഞ്ഞു. പൗരന്‍ എന്ന നിലക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
ഭീഷണിയെത്തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ തുടര്‍ന്നാണ് ഇരുവരും ഫെബ്രുവരി 9ന് കേരളത്തില്‍ എത്തിയത്. ഫെബ്രുവരി 11 ഓടെ ഇരുവരും വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയ്യാറായില്ല. ജാര്‍ഖണ്ഡില്‍ തങ്ങള്‍ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികള്‍ അറിയിച്ചിരുന്നു. ഗള്‍ഫില്‍ ആയിരുന്ന ഗാലിബ് കായംകുളം സ്വദേശിയായ സുഹൃത്ത് മുഖേനയാണ് കേരളത്തില്‍ എത്തിയത്.