കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ പി.സി. ജോര്‍ജിന്‍റെ ജാമ്യാപേക്ഷ തള്ളി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവിട്ടു. നേരത്തെ വൈകിട്ട് 6 മണിവരെ പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനു ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പിന്നീട് ജയിലിലേക്ക് മാറ്റും.
പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ, ഹൈക്കോടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിയോട തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിനാടകീയമായി പി.സി. ജോര്‍ജ്, പാലാ ഈരാറ്റുപേട്ട കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.
ജാമ്യം ലക്ഷമിട്ടായിരുന്നു പി.സി. ജോർജിന്‍റെ നടപടിയെങ്കിലും പൊലീസ് കസ്റ്റഡിയിൽ വിടാനായിരുന്നു കോടതി തീരുമാനം.
പി.സി. ജോർജിന്‍റെ കേസ് കോടതി പരിഗണിക്കുമ്പോൾ ഇദ്ദേഹത്തിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ വാദം കേട്ട കോടതി ജോർജിനെ കസ്റ്റഡിയിൽ വിടുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
ജനുവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ മതസ്പർധ വളർത്തൽ, കലാപാഹ്വാനം, തുടങ്ങിയ ജാമ‍്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പി.സി. ജോർജിനെതിരേ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
ഇന്ത‍്യയിലെ മുസ്ലിംകൾ മതവർഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നുവെന്നുമായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം. മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്നും ചാനൽ ചർച്ചയ്ക്കിടെ പി.സി. ജോർജ് പറഞ്ഞിരുന്നു.