ഇലക്ട്രിക്കൽ റിപ്പയറിങ് സ്ഥാപനത്തിന് തീപിടിച്ചു...



വിഴിഞ്ഞം പൂങ്കുളം ജംഗ്ഷനിൽ ഇലക്ട്രിക്കൽ റിപ്പയറിങ് സ്ഥാപനത്തിന് തീപിടിച്ചു. തക്കസമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള രണ്ട് സിലണ്ടറുകളും കംപ്രസർ ഉൾപ്പടെയുള്ള സാധനങ്ങളും കണക്ഷനുകൾ വിച്ഛേദിച്ച് പെട്ടന്ന് തന്നെ എടുത്തുമാറ്റി.

പൂങ്കുളം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രാജീവ് എന്നയാളിന്‍റെ സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ തീപടരുന്നത് ശ്രദ്ധയിൽപെട്ടത്. പ്ലാസ്റ്റിക് സാധനങ്ങളിലടക്കം തീ വളരെ വേഗം കത്തിപ്പിടിച്ചതോടെ സമീപത്തുള്ള കടയിലേക്കും വീടുകളിലേക്കും പുക പടർന്ന് ആളുകൾക്ക് ശ്വാസതടസം ഉൾപ്പടെ അനുഭവപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ വെള്ളമൊഴിച്ച് തീകെടുത്താൽ ശ്രമിക്കുന്നതിനോടൊപ്പം വിഴിഞ്ഞം ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ അഗ്നിശമന സേന വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പൊട്ടിത്തെറി സാധ്യതകൾ ഉടൻ തന്നെ തടയുകയും ചെയ്തു.

റിപ്പയറിങ്ങിനായി ഇവിടെ എത്തിച്ചിരുന്ന ഫ്രീസർ, എയർ കണ്ടീഷണർ, ഫ്രിഡ്‍ജ് ഉൾപ്പടെ നിരവധി സാധനങ്ങൾ കത്തിനശിച്ചു. കടയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന വെൽഡിങ് സെറ്റിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടായിരുന്നു തീപിടുത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. സ്റ്റേഷൻ ഓഫീസർ വേണുഗോപാൽ, അസി. സ്റ്റേഷൻ ഓഫിസർ (ഗ്രേഡ്) ഏങ്കൽസ്, മെക്കാനിക്ക് ദിനേശ്, ഓഫീസർമാരായ അനുരാജ്, സന്തോഷ് കുമാർ, രാജേഷ്, ഷിജു, ശ്യാംധരൻ, സെൽവകുമാർ ,സജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Previous Post Next Post