മോഷ്ടാക്കളെ പേടി…സ്വര്‍ണം സൂക്ഷിച്ചത് പഴയ കുക്കറില്‍…കുക്കർ വിറ്റത് ആക്രിക്കാരന്… പണി കിട്ടിയത് കൊല്ലം സ്വദേശിനിക്ക്…




കൊല്ലം : റെക്കോർഡുകള്‍ ഭേദിച്ച്‌ സ്വർണവില മുന്നോട്ടുകൊണ്ടുപോയിരിക്കുന്ന സാഹചര്യത്തില്‍ ഒരോ തരി പൊന്നും അതീവ സുരക്ഷിതയോടെയാണ് മലയാളികള്‍ സൂക്ഷിക്കുന്നത്. വലിയ സ്വർണ ശേഖരമുള്ളവരൊക്കെ കള്ളന്മാരെ പേടിച്ച്‌ അവ ബാങ്ക് ലോക്കറിലോ അല്ലെങ്കില്‍ വീട്ടില്‍ തന്നെ സജ്ജീകരിച്ച അത്യാധുനിക സുരക്ഷകളുള്ള ഷെല്‍ഫുകളിലേക്കോ മാറ്റും. എന്നാല്‍ ഇതൊന്നും ഇല്ലാത്ത സാധാരണക്കാർ ചില ‘പ്രത്യേക’ ഇടങ്ങളിലാണ് സ്വർണം സൂക്ഷിക്കാറുള്ളത്.

അടുക്കളയിലെ അരി പാത്രത്തില്‍, പഴയ തുണികള്‍ക്ക് ഇടയില്‍, അലമാരയുടെ മുകളിലൊക്കെയായി ആളുകള്‍ സ്വർണം സൂക്ഷിക്കുന്നു. അത്തരത്തില്‍ മോഷ്ടാക്കളെ ഭയന്ന് കൊല്ലം അഞ്ചല്‍ പുഞ്ചക്കോണത്തെ സുഭദ്ര തങ്ങളുടെ കൈവശമുള്ള ഏതാനും സ്വർണാഭരണങ്ങള്‍ സൂക്ഷിച്ചത് പഴയ കുക്കറിലായിരുന്നു. സ്വർണ്ണം അടങ്ങിയ കുക്കർ അമ്മയും മകളും എടുത്ത് ആക്രിവില്‍പ്പനക്കാരന് കൈമാറുകയും ചെയ്തു.

സ്വർണം കൈവിട്ട് പോയെങ്കിലും സത്യസന്ധനായ ആക്രിവില്‍പ്പനക്കാരന്‍ തമിഴ്നാട്ടുകാരന്‍ മഹേഷ് ഏറെ പണിപെട്ടാണെങ്കിലും വീട്ടിലെത്തി സ്വർണം തിരികെ നല്‍കിയതോടെയാണ് സുഭന്ദ്രയുടെ ശ്വാസം നേരെ വീണത്. ഒരാഴ്ച മുന്‍പ് വീട്ടില്‍ വന്ന മഹേഷിന് സുഭദ്രയും മകളും ചേർന്ന് പഴയ സാധനങ്ങള്‍ എടുത്ത് നല്‍കുകയായിരുന്നു. പ്രദേശത്ത് നിന്നും ശേഖരിച്ച്‌ ആക്രിസാധനങ്ങളുമായി നിലമേലിലെ താമസ സ്ഥലത്തേക്ക് പോയ മഹേഷ് രണ്ടുദിവസം കഴിഞ്ഞാണ് കുക്കറിനുള്ളില്‍ സ്വർണം കണ്ടെത്തുന്നത്.

നിരവധി വീടുകളില്‍ നിന്നും പഴയ സാധനങ്ങള്‍ ശേഖരിച്ചതിനാല്‍ സ്വർണം ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. ചില നാട്ടുകാരുടെ സഹായത്തോടെ പുഞ്ചക്കോണം വാര്‍ഡ് മെമ്പർ ഷൈനിയുടെ മൊബൈല്‍ഫോണ്‍ നമ്പർ കണ്ടെത്തി വിവരം പറഞ്ഞു. പിന്നാലെ ഷൈനി നടത്തിയ അന്വേഷണത്തിനൊടുവിലാണ് നഷ്ടപ്പെട്ട സ്വർണം സുഭദ്രയുടേതാണെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് മെമ്പറുടെ വീട്ടിലേക്ക് സുഭദ്രയേയും മഹേഷിനേയും വിളിച്ചു വരുത്തി സ്വർണ്ണാഭരണങ്ങള്‍ കൈമാറി.
Previous Post Next Post