അസറുദ്ദീന് സെഞ്ച്വറി; രഞ്ജി ട്രോഫി സെമിയിൽ കേരളം മികച്ച നിലയിൽ



അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരേ കേരളം മികച്ച സ്കോറിൽ. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിലാണ് കേരളം. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസറുദ്ദീന്‍റെ സെഞ്ച്വറിയാണ് ടീമിനെ മികച്ച സ്കോറിലെത്താൻ സഹായിച്ചത്. 175 പന്തിൽ സെഞ്ച്വറി തികച്ച അസറുദ്ദീൻ 303 പന്തിൽ 149 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 10 റൺസെടുത്ത ആദിത്യ സർവാതെയാണ് കൂട്ടിന്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ കേരളത്തിന്‍റെ ഹീറോ ആയ സൽമാൻ നിസാർ 202 പന്തിൽ 52 റൺസെടുത്ത് പുറത്തായി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.

രണ്ടാം ദിനത്തിന്‍റെ തുടക്കത്തിലേ നായകൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. അർസാൻ നഗ്വാസ്വല്ലയെറിഞ്ഞ പന്തിൽ ആര‍്യൻ ദേശായിക്ക് ക‍്യാച്ച് നൽകിയായിരുന്നു സച്ചിന്‍റെ മടക്കം. 195 പന്തിൽ 8 ബൗണ്ടറികളടക്കം 69 റൺസ് നേടിയിരുന്നു.

206-5 എന്ന നിലയിൽ പതറിയ കേരളത്തെ അസറുദ്ദീൻ - സൽമാൻ സഖ‍്യമാണ് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ 300 കടത്തിയത്. ഒന്നാം ദിനം കേരളത്തിന് നാലുവിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (30), അക്ഷയ് ചന്ദ്രൻ (30), ജലജ് സക്സേന (30), വരുൺ നായനാർ (10) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ മത്സരം നടക്കുന്നത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ തന്നെ കേരളത്തിന്‍റെ രണ്ടാമത്തെ മാത്രം സെമി ഫൈനലാണിത്. മത്സരം സമനിലയിൽ അവസാനിച്ചാലും ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീമിനു ഫൈനലിലെത്താം. മൂന്നാം ദിവസം മുതൽ അഹമ്മദാബാദിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്ന വിലയിരുത്തൽ കേരളത്തിന്‍റെ ഫൈനൽ പ്രതീക്ഷകൾക്ക് നിറം പകരുന്നു.


Previous Post Next Post