
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഅമത്തുള്ളയാണ് വിജിലൻസിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റുതിരുത്താൻ തിരുവാലി സ്വദേശിയിൽ നിന്ന് നിഅമത്തുള്ള ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപയാണ്. ഇതിന്റെ ആദ്യ ഗഡുവായി 2 ലക്ഷം രൂപ ഉടൻ നൽകണമെന്നും പറഞ്ഞു. ഇതോടെ തിരുവാലി സ്വദേശിയായ സ്ഥലം ഉടമ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കുടുങ്ങി.വിജിലൻസിന്‍റെ നിർദേശപ്രകാരം 50,000 രൂപ അഡ്വാൻസ് ഇന്നുതന്നെ നൽകാമെന്ന് ഭൂവുടമ ഇയാളെ അറിയിച്ചു. ഇത് കൈപ്പറ്റാനായി കാരക്കുന്ന് എത്തിയപ്പോഴാണ് നിഅമത്തുള്ള പിടിയിലായത്. മലപ്പുറം തവനൂർ കുഴിമണ്ണ സ്വദേശിയായ പരാതിക്കാരന്റെ മുത്തച്ഛന്റെ പേരിൽ തിരുവാലി വില്ലേജ് പരിധിയിൽ പെട്ട 74 സെന്റ് വസ്തുവിന് പട്ടയം അനുവദിച്ച് കിട്ടുന്നതിന് അമ്മയുടെ പേരിൽ രണ്ട് വർഷം മുമ്പ് തിരുവാലി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിന്മേലുള്ള നടപടി സ്വീകരിച്ചു വരവേ അന്നത്തെ വില്ലേജ് ഓഫീസർ ട്രാൻസ്ഫർ ആയി പോയി.