'ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കും', കൂട്ടക്കൊല ഫര്‍സാനയോട് ഏറ്റുപറഞ്ഞു; തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു, അഫാന്റെ മൊഴി...




തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ ഉമ്മ സല്‍മാബീവിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച ഘടകമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍. സല്‍മാബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാന്‍ നില്‍ക്കാതെ കണ്ടയുടന്‍ തലയ്ക്കടിച്ചെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് പിതാവിന്റെ ഉമ്മയോടുള്ള പ്രതികാരത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് പിതാവിന്റെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഇതേചൊല്ലി സല്‍മാബീവിയുമായി സ്ഥിരം വഴക്കിട്ടിരുന്നതായും അഫാന്‍ മൊഴി നല്‍കി. അഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലില്‍ പാങ്ങോട് സിഐയോടാണ് വെളിപ്പെടുത്തല്‍.

കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് പിതാവിന്റെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തല്‍. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി പിതാവിന്റെ ഉമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ സല്‍മാബീവിയുടെ വീട്ടില്‍ പോയത് ഇത് കൊണ്ടാണ്. ഉമ്മ മരിച്ചു എന്നാണ് കരുതിയത്. സല്‍മാബീവിയുടെ വീട്ടില്‍ എത്തിയ ഉടന്‍ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. പിതാവിന്റെ ഉമ്മയുമായി സംസാരിക്കാന്‍ നിന്നില്ല. തുടര്‍ന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.

സല്‍മാബീവിയെയും പിതൃ സഹോദരനെയും ഭാര്യയെയും കൊന്നത് ഏറ്റുപറഞ്ഞ ശേഷമാണ് പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്നും അഫാന്‍ പറഞ്ഞു. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ ഇതെല്ലാം ചെയ്തിട്ട് നമ്മള്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫര്‍സാന ചോദിച്ചത്. തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.

പിതൃ സഹോദരന്‍ ലത്തീഫിന്റെ ഭാര്യ സാജിതയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിനെ കൊന്ന വിവരം പുറത്ത് പറയുമെന്നതിനാലാണ് കൊല്ലേണ്ടി വന്നതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.
Previous Post Next Post