അൻവർ രാജിവച്ചശേഷം കഴിഞ്ഞ 14നു നിലമ്പൂർ സീറ്റ് ഒഴിവുവന്നതായി നിയമസഭാ സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. സ്വാഭാവികമായി ജൂലൈ 14നു മുൻപ് ഉപതിരഞ്ഞെടുപ്പുണ്ടാകും. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എംഎൽഎ സ്ഥാനം രാജിവച്ചപ്പോൾ അൻവർ പ്രഖ്യാപിച്ചിരുന്നു. പകരം വി.എസ്.ജോയിയെ നിർദേശിച്ചതിൽ കോൺഗ്രസിൽ വ്യാപകമായി എതിർപ്പുണ്ടായെങ്കിലും, സ്ഥാനാർഥി ആരായാലും പ്രശ്നമല്ലെന്നു പിന്നീട് നിലപാടു തിരുത്തി. ഒരു മുന്നണിയിലും ഉൾപ്പെടാതെ നിന്നാൽ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അൻവറിനോടുതന്നെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകണമെന്നു നിർദേശിക്കാനുള്ള സാധ്യത സമ്മർദതന്ത്രമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ കേരള ഘടകത്തെ മുന്നണിയിലെടുക്കുന്നതിൽ എഐസിസി നേതൃത്വത്തിന്റെകൂടി നിലപാട് കോൺഗ്രസിനു തേടേണ്ടിവരും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചാലും ഇല്ലെങ്കിലും മുന്നണിയിലെടുത്താൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിനു സീറ്റ് നൽകേണ്ടിവരാം. ഈ സീറ്റ് ഏതെന്ന കാര്യത്തിൽ കൂടി യുഡിഎഫിൽ ഏകദേശ ധാരണയുണ്ടാകണം. കോൺഗ്രസോ, ലീഗോ വിട്ടുവീഴ്ച ചെയ്യേണ്ടിവരും.