ചോരക്കളി; ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍…





തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്സിന് സമീപം യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരന്‍ മരിച്ചത്. വാഴക്കോടാണ് തര്‍ക്കത്തിനിടെ യാത്രക്കാര്‍ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയില്‍ മദ്യലഹരിയില്‍ സുഹൃത്തിന്‍റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ്  ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാർ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

പൊന്നൂക്കരയിലെ സുകുമാരന്‍റെ വീട്ടില്‍ മദ്യപാനത്തിനിടെയാണ് കൊലപാതകം നടന്നത്. സുകുമാരന്‍റെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിന്‍റെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓര്‍മ്മവന്നു. സുധീഷിത് ചോദിച്ചതോടെ തര്‍ക്കമായി. തടര്‍ന്നായിരുന്നു വിഷ്ണു സുധീഷിന്‍റെ തല ഭിത്തിയിലടിച്ച് പരിക്കേല്‍പ്പിച്ചത്. ബ്ലേഡ് കൊണ്ട് മുതുകിലും പരിക്കേല്‍പ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Previous Post Next Post