ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തതിന് വിദ്യാർത്ഥിനിയെ വഴിതടഞ്ഞ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവം; യുവാവ് അറസ്റ്റിൽ




ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തതിന് വിദ്യാർത്ഥിനിയെ വഴിതടഞ്ഞ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. കൊയിലാണ്ടിയിലാണ് സംഭവം.

മൂടാടിയിലുളള സ്വകാര്യ കോളജ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. വിദേശത്ത് ജോലി ചെയ്യുന്ന സജിൽ ഇൻസ്റ്റ​ഗ്രാം വഴി സ്ഥിരമായി മെസ്സേജ് അയച്ച് പെൺകുട്ടിയെ ശല്യപ്പെടുത്തുമായിരുന്നു. ശല്യം സഹിക്കവയ്യാതെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് സജിൽ വിദേശത്ത് നിന്ന് എത്തിയത്.

വിദേശത്ത് നിന്ന് എത്തിയ സജിൽ, ക്ലാസ് കഴിഞ്ഞു വരികയായിരുന്ന പെൺകുട്ടിയെ വീടിന് സമീപത്തുവെച്ച് തടഞ്ഞുനിർത്തി. ഇൻസ്റ്റ​ഗ്രാമിൽ ബ്ലോക്ക് ചെയ്തത് ചൂണ്ടിക്കാട്ടി ഇയാൾ പെൺകുട്ടിയോട് അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. പരിക്കേറ്റ പെൺകുട്ടി കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സജിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Previous Post Next Post