സമൂഹമാധ്യമങ്ങളിലൂടെ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസ്താവനയിൽ ഇന്ത്യയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബംഗ്ലാദേശ്.ഷെയ്ഖ് ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ അഭിപ്രായമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. ഷെയ്ഖ് ഹസീനയുടെ പ്രസ്താവനകൾ “ബംഗ്ലാദേശിൽ അസ്ഥിരതയുണ്ടാക്കുന്നു” എന്ന് ധാക്കയിലെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണർക്ക് കൈമാറിയ പ്രതിഷേധ കുറിപ്പിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇത്തരം കെട്ടിച്ചമച്ച പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അനുയോജ്യമല്ലെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ ഇരുന്നുകൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകൾ തടയാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ നടപടി വേണമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് അഭ്യർത്ഥിച്ചു.