ഫോണിൽ സംസാരിച്ച ഡ്രൈവറെ പിടിച്ചു, പകരം വന്ന ഡ്രൈവറും കുടുങ്ങി! സ്വകാര്യ ബസിന്റെ ഫിറ്റ്നസ് പോയി




കൊച്ചി: ഫോണിൽ സംസാരിച്ചു കൊണ്ടു സ്വകാര്യ ബസ് ഓടിച്ചു ഡ്രൈവർ പിടിയിലായപ്പോൾ പകരം വച്ച ഡ്രൈവറും ഇതേ കുറ്റം ആവർത്തിച്ചു. അതോടെ ബസിന്റെ ഫിറ്റ്നസ് മോട്ടാർ വാഹന വകുപ്പ് റദ്ദാക്കി. വിശദ പരിശോധനയ്ക്കു പിന്നാലെയാണ് നടപടി. ഏലൂർ- ഫോർട്ട്കൊച്ചി ബസാണ് തുടരെയുള്ള പൊല്ലാപ്പിൽ കുടുങ്ങിയത്.

എറണാകുളം നോർത്തിൽ ഗതാഗത പരിശോധന നടത്തുന്നതിനിടെയാണ് ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു കണ്ട് എംവിഐമാർ ബസ് തടഞ്ഞത്. ബസിൽ യാത്രക്കാരുണ്ടായിരുന്നതിനാൽ പിറ്റേന്ന് ആർടിഒ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു. ഡ്രൈവർ ആർടിഒ ഓഫീസിലേക്കു പോയപ്പോൾ പിറ്റേന്ന് പകരം വച്ച ഡ്രൈവറും ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച് ഫോർട്ട്കൊച്ചിയിൽ വച്ച് പിടിയിലായി.

പിന്നാലെ മോട്ടോർ വാഹന വകുപ്പ് ബസിൽ വിശദ പരിശോധന നടത്തി. വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. ജിപിഎസ് ഇല്ലായിരുന്നു. മറ്റു ന്യൂനതകളും കണ്ടെത്തിയതോടെയാണ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്.

ഫോണിൽ സംസാരിച്ചു ബസ് ഓടിച്ചതിനു ആദ്യം പിടിയിലായ ഡ്രൈവർ ഏലൂർ സ്വദേശി റിഷാദിനു 2000 രൂപ പിഴ ചുമത്തി. ഇതേ കുറ്റത്തിനു പിറ്റേന്നു പിടിയിലായ ഡ്രൈവറുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സംസാരിച്ചതിനു തെളിവു ലഭിക്കാത്തതിനാൽ പിഴ ഈടാക്കാനായില്ല. ഡ്രൈവർ ഫോൺ ചെവിയുടെ ഭാഗത്തു വച്ചു ഡ്രൈവ് ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞെങ്കിലും കണക്ഷൻ കിട്ടാത്തതു കൊണ്ടാകാം ഡ്രൈവറുടെ കോൾ ലിസ്റ്റിൽ വിവരം ലഭ്യമല്ലായിരുന്നു.

Previous Post Next Post