തൊഴിൽ പരിശീലന കാലാവധി കുറച്ച് യുകെ, യോഗ്യത തൊഴിലുടമകൾക്ക് തീരുമാനിക്കാം; ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ.. യുകെയിൽ പഠനം പൂർത്തിയാക്കി തൊഴിൽ പരിശീലനത്തിൽ ഏർപ്പെടുന്ന നൂറുകണക്കിന് ഇന്ത്യൻ ഉദ്യോഗാർഥികൾക്കുൾപ്പെടെയുള്ളവർക്ക് പുതിയ ചട്ടം പ്രയോജനം ചെയ്യും.വിശദമായി അറിയാം




ലണ്ടൻ : 19 വയസ്സിന് മുകളിൽ പ്രായമുള്ള അപ്രൻ്റീസുകൾക്ക് തൊഴിൽ പരിശീലനം പൂർത്തിയാക്കാൻ കണക്ക്, ഇംഗ്ലിഷ് യോഗ്യതകൾ ഇനി ആവശ്യമില്ലെന്ന് യുകെ വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ). തൊഴിൽ പരിശീലന കാലം പന്ത്രണ്ടിൽ നിന്ന് 8 മാസമായും കുറച്ചിട്ടുണ്ട്.
19 വയസ്സിന് മുകളിൽ പ്രായമുള്ള അപ്രന്റിസുകൾക്ക് കോഴ്‌സ് പാസാകാൻ ലെവൽ 2 ഇംഗ്ലിഷ്, കണക്ക് യോഗ്യത (ജിസിഎസ്ഇക്ക് തത്തുല്യം) വേണോ വേണ്ടയോ എന്നത് തൊഴിലുടമകൾക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച ചട്ടം ഉടൻ പ്രാബല്യത്തിലാകും. അതേസമയം തൊഴിൽ പരിശീലന കാലത്തിന്റെ കുറഞ്ഞ കാലയളവ് 8 മാസമായി കുറച്ചുകൊണ്ടുള്ള വ്യവസ്‌ഥ ഈ വർഷം ഓഗസ്‌റ്റ് മുതലാണ് പ്രാബല്യത്തിലാകുക.


ദേശീയഅപ്രന്റിസ്ഷിപ്പ് വാരാഘോഷത്തിന്റെ ഭാഗമായി സൗത്ത് ലണ്ടനിലെ ഹൗസിങ് ഡവലപ്മെന്റ് സൈറ്റ് സന്ദർശനത്തോട് അനുബന്ധിച്ചാണ് എജ്യൂക്കേഷൻ സെക്രട്ടറി ബ്രിഡ്‌ജറ്റ് ഫിലിപ്സ‌ൺ പുതിയ മാറ്റം പ്രഖ്യാപിച്ചത്. തൊഴിൽ പരിശീലന കാലം കുറയ്ക്കണമെന്ന തൊഴിലുടമകളുടെ ആവശ്യപ്രകാരമാണ് പുതിയ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിലവിലെ ചട്ട പ്രകാരം ലെവൽ 2 അപ്രന്റിസ്ഷിപ്പിന് ഇംഗ്ലിഷ്, കണക്ക് യോഗ്യത നിർബന്ധമാണ്. അപ്രന്റിസ്ഷിപ്പ് യോഗ്യതകൾ സംബന്ധിച്ച പുതിയ മാറ്റം പ്രതിവർഷം തൊഴിൽ പരിശീലന മേഖലയിലെ പതിനായിരത്തോളം പേർക്ക് യോഗ്യത നേടാൻ ഗുണകരമാകും. ആരോഗ്യം, സാമൂഹിക പരിചരണം, നിർമാണം എന്നീ മേഖലകളിലുള്ളവർക്കെല്ലാം പ്രയോജനം ചെയ്യും. ഹരിത ഊർജം, ആരോഗ്യ പരിചരണം, സിനിമ-ടെലിവിഷൻ പ്രൊഡക്ഷൻ എന്നീ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങൾ. അതേസമയം പരിശീലനത്തിന്റെ ഭാഗമായി ഇംഗ്ലിഷ്, കണക്ക് പരിശീലനവും ഉണ്ടായിരിക്കും. ഏതിലാണോ പരിശീലനം അതുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതായിരിക്കുമിത്.

നിലവിലെ അപ്രൻ്റിസ്ഷിപ്പ് കരത്തിന് (ലെവി) പകരമായി ഫൗണ്ടേഷൻ അപ്രന്റിസ്ഷിപ്പ് ഉൾപ്പെടുത്തിയുള്ള പുതിയ ലെവി ഏർപ്പെടുത്തും.
ഹ്രസ്വകാല അപ്രൻ്റിസ്‌ഷിപ്പിനുള്ള ഫണ്ട് അനുവദിക്കുന്നതാണിത്.
പഠിതാക്കൾക്കും തൊഴിലുടമകൾക്കും ഇതു പ്രയോജനം ചെയ്യുമെന്നും വിദ്യാഭ്യാസ സെക്രട്ടറി വിശദമാക്കി. യുകെയിൽ പഠനം പൂർത്തിയാക്കി തൊഴിൽ പരിശീലനത്തിൽ ഏർപ്പെടുന്ന നൂറുകണക്കിന് ഇന്ത്യൻ ഉദ്യോഗാർഥികൾക്കുൾപ്പെടെയുള്ളവർക്ക് പുതിയ ചട്ടം പ്രയോജനം ചെയ്യും.

Previous Post Next Post