പി സി ജോർജിനെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു...




ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയത്.

ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്. പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയത്.

ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയതോടെ പി സി ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത് പ്രകാരം പൊലീസ് സ്റ്റേഷൻ പരിസരത്തും പി സി ജോർജിന്റെ വീട്ടു പരിസരത്തും പൊലീസും ബിജെപി പ്രവർത്തകരും നിറഞ്ഞിരുന്നു. അതിനിടയിൽ രാവിലെ 10.50ന് പി.സി ജോർജിന്റെ മരുമകൾ അടക്കം അഭിഭാഷകർ ഈരാറ്റുപേട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി. കോടതി കയറുന്നതിന് തൊട്ടു മുൻപ് പ്രവർത്തകർക്കിടയിലൂടെ പി സി ജോർജും ഇവിടേക്ക് വന്നു.

പി സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. എന്നാൽ കോടതി മുൻകാല വിദ്വേഷ പരാമർശങ്ങൾ കൂടി കണക്കിലെടുത്ത് ജാമ്യം നൽകാനാവില്ലെന്ന് തീരുമാനിച്ചു. തുടർന്ന് വൈകിട്ട് 6 മണി വരെ പി സി ജോർജിനെ ഈരാറ്റുപേട്ട പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽ നിന്ന് വൈദ്യപരിശോധനക്ക് ഇറങ്ങിയ പി സി ജോർജ് മാധ്യമങ്ങളോട് ക്ഷുഭിതനായി.

വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് പിസിയുടെ ജാമ്യാപേക്ഷ തള്ളി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് വന്നത്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ പിസി ജോർജിനെ ചോദ്യം ചെയ്തു.

Previous Post Next Post