മലയാളിയെ കൊന്ന് കൊളളയടിച്ച സംഭവം.. സൗദി, യെമൻ പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി


സൗദി അറേബ്യയിൽ മലയാളിയായ യുവാവിനെ കൊലപ്പെടുത്തി, കട കൊളളയടിച്ച കേസിൽ സൗദി, യെമൻ പൗരന്മാർക്ക് വധശിക്ഷ. സൗദി പൗരനായ റയ്യാൻ അൽ ഷഹ്റാനി, യെമൻ പൗരൻ അബ്ദുല്ല ബാസഅദ് എന്നിവരെയാണ് തൂക്കിലേറ്റിയത്. കേസിൽ അപ്പീൽ കോടതിയും സുപ്രീംകോടതിയും ശിക്ഷ ശെരിവെച്ചതോടെ ഇന്ന് റിയാദിൽ വധശിക്ഷ നടപ്പാക്കി. 2017ൽ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശിയായ എ പി സിദ്ദീഖ് കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ നടപ്പിലാക്കിയത്.

2017 ജൂലൈ 21 ന് സൗദി അസീസിയയിലാണ് സംഭവം. പലചരക്ക് കടയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു സിദ്ദീഖ്. ആളില്ലാത്ത സമയത്ത് കടയിലെത്തിയ ഹൈവേ കൊളളക്കാർ സിദ്ദീഖിനെ ആക്രമിച്ചു. കടയിലെ പണം എടുക്കുന്നത് തടയാൻ ശ്രമിച്ച സിദ്ദീഖിന്റെ തലക്ക് തുടരെ അടിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. രക്തത്തിൽ കുളിച്ചുകിടന്ന സിദ്ദീഖിനെ പൊലീസ് എത്തിയാണ് അശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അപ്പോഴേക്കും സിദ്ദീഖ് മരിച്ചതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

കൊല്ലപ്പെടുമ്പോൾ സിദ്ദീഖിന് 45 വയസായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട് സിദ്ദീഖിന്. നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും കോടതി അത് തളളുകയായിരുന്നു. പ്രതികൾ ലഹരി ഉപയോഗം, ക്രൂരമായ കൊലപാതകം എന്നീ കാര്യങ്ങൾ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ വിധിച്ചത്.
Previous Post Next Post