
ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി റിജോ ആന്റണിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിക്കായി പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതിക്ക് ജാമ്യം നൽകിയാൽ കുറ്റം ആവർത്തിക്കാൻ സാധ്യത എന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
തെളിവുകൾ നശിപ്പിച്ച് പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാ ഗൃഹപാഠങ്ങളും ചെയ്താണ് ഇയാൾ കവർച്ച നടത്തിയത്. കാലാവധി കഴിഞ്ഞ എടിഎം പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാൾ ബാങ്കിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന് ഇവിടെ കവർച്ച നടത്താൻ പ്ലാനിട്ടിരുന്നെങ്കിലും പുറത്തൊരു പൊലീസ് ജീപ്പ് കണ്ടതിനാൽ ശ്രമം ഉപേക്ഷിച്ചു. ബാങ്ക് കവർച്ചയ്ക്കായി പ്രതി നടത്തിയത് അതിശയിപ്പിക്കുന്ന ആസൂത്രണമെന്ന് പൊലീസ് പറയുന്നു. എന്നാൽ സാങ്കേതി വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാർ വിശ്രമമില്ലാതെ നടത്തിയ പരിശ്രമത്തിനൊടുവിൽ 48 മണിക്കൂർ കൊണ്ട് പ്രതിയെ പിടിക്കാൻ പൊലീസിന് സാധിച്ചു. ഒരാഴ്ചത്തെ ആസൂത്രമണമാണ് പ്രതി നടത്തിയത്.