കുവൈത്ത് സിറ്റി അഹ്മദിഗവർണറേറ്റിലെ പ്രമുഖ ഷോപ്പിങ് മാളിൽ കഴിഞ്ഞ ദിവസം ചേരി തിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയ ഏഴ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. സമൂഹമാധ്യമത്തിൽ ഇതിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ചെറുപ്പക്കാർ തല്ലുകൂടുന്ന ദൃശ്യങ്ങൾ ആരോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.
മാളിൽ സ്ത്രീകളും കുട്ടികളുമുള്ളയിടത്ത് വച്ചായിരുന്നു അടിപിടി. നിലവിളിച്ച് സ്ത്രീകളും കുട്ടികളും ചിതറിയോടി. തല്ലുകൂടിയ ഇരുകൂട്ടരും ഉടൻതന്നെ സ്‌ഥലം വിട്ടു. ആർക്കും കാര്യമായ പരുക്കില്ല. പരാതിയുമുണ്ടായിരുന്നില്ല. എന്നാൽ സംഭവം വൈറലായതോടെ പൊലീസ് സിസിടിവി പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു
കൂട്ടത്തിൽ പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ വിഭാഗത്തിന് കൈമാറി. മേൽ നടപടികൾക്കായി മറ്റ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. പൊതുസമൂഹത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.