പാതിവില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍; അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍





കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് അനന്തുവിനെ പൊലീസ് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിലവിലെ അന്വേഷണ സംഘങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്.

പാതിവില തട്ടിപ്പില്‍ ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എന്‍ ആനന്ദ കുമാര്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് ഫറോഖിലും കേസെടുത്തു. കേരള ഗ്രാമ നിര്‍മ്മാണ സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. 918 ആളുകളില്‍ നിന്നായി 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപും മറ്റു വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം.

കെ എൻ ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങൾ രംഗത്തെത്തി. പാതിവില തട്ടിപ്പിന്‍റെ തുടക്ക കാലങ്ങളിൽ ഇടുക്കിയിൽ നടന്ന പല യോഗങ്ങളിലും ആനന്ദകുമാർ പങ്കെടുത്തിരുന്നതായും ഇവർ പറയുന്നു. ഇടുക്കിയിലെ വണ്ടൻമേട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൂന്നു കോടിയുടെ തട്ടിപ്പിൽ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്തു കൃഷ്ണൻ, ഷീബ തുടങ്ങിയവരും പ്രതികളാണ്.
Previous Post Next Post