കോട്ടയം കാരിത്താസ് ജംഗ്ഷനിൽ ക്രിമിനൽ ലിസ്റ്റിൽ പെട്ടയാൾ പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച് കൊലപ്പെടുത്തി; ദാരുണമായി മരിച്ചത് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ശ്യാം പ്രസാദ്



കോട്ടയം : കാരിത്താസ് ജംഗ്ഷന് സമീപം തട്ട് കടയിൽ അക്രമം അഴിച്ചുവിട്ട ക്രിമിനലിന്റെ ഫോട്ടോയെടുത്ത പോലീസുകാരനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാം പ്രസാദാണ് ദാരുണമായി മരണപ്പെട്ടത്.

ശ്യാം പ്രസാദിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് ജിബിൻ ജോർജിനെ സബ്ഡിവിഷൻ പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന കുമരകം എസ്എച്ച്ഒ കെ ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

കാരിത്താസ് ജംഗ്ഷനിലെ തട്ടുകടയിൽ അക്രമം അഴിച്ച് വിട്ട ജിബിൻ ജോർജിന്റെ വീഡിയോ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് എടുത്തു. ഇതിൽ പ്രകോപിതനായ ജിബിൻ ജോർജ് ശ്യാം പ്രസാദിനെ മർദ്ദിക്കുകയായിരുന്നു. പോലീസുകാരനാണ് മർദ്ദിക്കരുതെന്ന് തട്ടുകടക്കാരൻ പറഞ്ഞെങ്കിലും ജിബിൻ മർദ്ദനം തുടർന്നു. രാത്രി ഒരു മണിയോടെയാണ് തട്ടുകടയിൽ സംഘർഷം ഉണ്ടായത്

സബ് ഡിവിഷൻ ചെക്കിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ ഷിജി കെ ഇതുവഴി വരികയും അക്രമം കണ്ട് വണ്ടി നിർത്തുകയും ആയിരുന്നു. കുമരകം എസ് എച്ച് ഒയോട് ജിബിൻ തന്നെ മർദ്ദിച്ച കാര്യം ശ്യാം പ്രസാദ് പറഞ്ഞു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ കുമരകം സിഎയും സംഘവും പിടികൂടി.

പിന്നാലെ മർദ്ദനമേറ്റ ശ്യാം പ്രസാദിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ അഞ്ചുമണിയോടെ മരണപ്പെട്ടു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.
Previous Post Next Post