തൃപ്പുണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്. സ്കൂളിൽ നിന്ന് എത്തിയതിന് ശേഷം മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ആ സമയം ആരൊക്കെ അപാർട്ട്മെന്റിൽ ഉണ്ടായിരുന്നു എന്ന് അറിയണം. കുട്ടി മരിക്കുന്നതിന് തൊട്ടുമുൻപ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നു. അത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മിഹിറിന്റെ പിതാവ് പറഞ്ഞു.മിഹിർ സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയത് വളരെ സന്തോഷവാനായാണ്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാകും.മിഹിർ സ്‌കൂളിൽ നിന്നും അപാർട്ട്മെൻ്റിൽ എത്തിയതിനു ശേഷവും മരണം നടക്കുന്നതിനും ഇടയിൽ എന്താണ് യഥാർത്ഥത്തിൽ അവിടെ സംഭവിച്ചതെന്ന് കണ്ടെത്തണമെന്നാണ് പിതാവ് പറയുന്നത്.
മിഹിറിന്റെ അമ്മയും ബന്ധുക്കളും പറഞ്ഞതിൽ വൈരുധ്യമുണ്ടെന്നും പിതാവ് ആരോപിച്ചു. റാഗിങ് പരാതി പിആർ സ്റ്റണ്ടിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജെംസ് സ്കൂളിൽ നിന്ന് മിഹിറിനെ മാറ്റിയത് അവന്റെ താത്പര്യമില്ലാതെയാണ്. മിഹിറിനെ സ്കൂളിൽ നിന്ന് മാറ്റിയ വിവരം തന്നെ അറിയിച്ചിരുന്നില്ല. മിഹിർ വിഷാദത്തിൽ ആയിട്ടും കൗൺസിലിംഗ് നൽകിയില്ല. അവന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പറഞ്ഞു. മിഹിറുമായുള്ള ചാറ്റിങ് സ്ക്രീൻ ഷോട്ടുകളും പിതാവ് പുറത്തുവിട്ടു. തന്നെ കൂടെ കൊണ്ടുപോകണമെന്ന് മിഹിർ ചാറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇരുമ്പനം സ്വദേശിയുമായ മിഹിര്‍ അഹമ്മദ് താമസ സ്ഥലത്തെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിര്‍ അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയതോടെയാണ് സംഭവം സമൂഹ ശ്രദ്ധനേടിയത്. മിഹിറിന്റെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായിരുന്നില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.