ഇരട്ടക്കൊല നടത്തിയത് താൻ തന്നെയാണെന്നും അതിൽ പശ്ചാത്താപമൊന്നും ഇല്ലെന്നും നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര മാധ്യമങ്ങളോട്. തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു കൊലയാളിയുടെ ഈ പ്രതികരണം. കുറ്റബോധമില്ല, എന്റെ കുടുംബത്തെ നശിപ്പിച്ചു. അതറിയില്ലേ നിങ്ങൾക്ക് 2010 ൽ വീട് വെച്ചിട്ട് അതിലിരിക്കാൻ പറ്റിയിട്ടില്ല. മകൾ എഞ്ചിനീയറാണ്. അവളെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും കുറ്റബോധം ലവലേശമില്ലാതെയായിരുന്നു ചെന്താമരയുടെ പ്രതികരണം. ചെന്താമരയുടെ തെളിവെടുപ്പ് രണ്ടാം ദിവസവും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. തന്റെ കുടുംബം തകർത്തവർക്കെതിരെയുള്ള വിധിയാണ് താൻ നടപ്പിലാക്കിയതെന്ന മനോഭാവത്തിൽ തന്നെയാണ് ചെന്താമര ഇപ്പോഴുമുള്ളത്.
മകളെ ഒരുപാട് ഇഷ്ടമാണെന്നും ചെന്താമര പൊലീസിന് നൽകിയ മൊഴിയിലുണ്ട്. തന്‍റെ വീട് മകള്‍ക്ക് നൽകണമെന്നും ചെന്താമര പറഞ്ഞു. മകള്‍ക്ക് തന്‍റെ വീട് മകള്‍ക്ക് നൽകാനുള്ള നടപടി വേണമെന്നും ചെന്താമര പൊലീസിനോട് ആവശ്യപ്പെട്ടു. മറ്റൊരാളെയും കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതായി ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അയൽവാസിയായ പുഷ്പയാണ് തന്‍റെ കുടുംബം തകരാൻ പ്രധാന കാരണമെന്നും പുഷ്പ രക്ഷപ്പെട്ടെന്നുമാണ് ചെന്താമര പൊലീസിനോട് പറഞ്ഞത്. ഇതിനുപിന്നാലെയാണ് തന്‍റെ മകള്‍ക്ക് വീട് നൽകാനുള്ള ആഗ്രഹം ഇന്ന് പൊലീസിനോട് ചെന്താമര വെളിപ്പെടുത്തിയത്.