![](https://140news.in/wp-content/uploads/2025/02/WhatsApp-Image-2025-02-12-at-19.08.27_898394d3.jpg)
തിരൂരിൽ യുവാവിൻ്റെ ദുരൂഹമരണം കൊലപാതകമാണോയെന്ന് സംശയിച്ച് പൊലീസ്. മരിച്ച യുവാവിൻ്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. മുറിക്കകത്ത് പുറത്ത് നിന്നുള്ളവർ പ്രവേശിച്ചതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണം കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നത്.
ഇന്നലെ രാത്രിയാണ് കരീമിനെ തിരൂർ മങ്ങാടുള്ള മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുറന്നിട്ട മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിസരത്ത് രക്തം തളം കെട്ടി കിടന്നിരുന്നു. പലയിടത്തും രക്തം തുടച്ചതിന് സമാനമായുള്ള പാടുകളുമുണ്ട്. കഴിഞ്ഞ ദിവസം മുറിയിലേക്ക് എത്തിയ സുഹൃത്തുക്കളും കരീമുമായി വാക്ക് തർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു.
ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെയ്ൻറിങ് തൊഴിലാളിയായ കരീം കുടുംബവുമായി അകന്ന് കഴിയുകയാണ്. നാല് മാസത്തിലേറെയായി തിരൂരിലെ വാടക മുറിയിൽ ഒറ്റയ്ക്കായിരുന്നു താമസം. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.