ലോ കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്


കോഴിക്കോട്: കോഴിക്കോട് ലോ കോളെജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനായുളള അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃശൂര്‍ പാവറട്ടി സ്വദേശിയായ മൗസ മെഹ്‌റിസിനെ (20) യാണ് തിങ്കളാഴ്ച വൈകിട്ട് 3.30 ന് വാപ്പോളിത്താഴത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹപാഠികളായ ആറു പോരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആൺസുഹൃത്തിനായി അന്വേഷണം ഊർജിതമാക്കിയത്.

സുഹൃത്ത് മൗസയെ കെണിയില്‍പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായും യുവാവുമായി സൗഹൃദം ആരംഭിച്ച ശേഷം മറ്റുള്ളവരുമായുള്ള അടുപ്പം മൗസ കുറച്ചതായും മൗസയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മൗസയുടെ ഫോണ്‍ മരിക്കുന്നതിന്‍റെ തലേദിവസം ഈ യുവാവ് കൈക്കലാക്കിയെന്നാണ് സംശയം.

ലോ കോളെജിന് സമീപത്തെ കടയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂര്‍ സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടതെന്നാണ് വിവരം. വിവാഹിതനായ ഇയാള്‍ ഇക്കാര്യം മറച്ചുവെച്ചാണ് മൗസയുമായി അടുപ്പം സ്ഥാപിച്ചത്. ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിക്കുകയായരുന്നു.

മരിച്ചതിന്‍റെ തലേദിവസം ഇയാള്‍ മൗസയുടെ വീട്ടില്‍ വിളിച്ചതായും വിവാഹിതനും കുട്ടികളുടെ പിതാവാണെന്ന് അറിയിച്ചതായും സൂചനകളുണ്ട്. ഇതിന് ശേഷം മൗസ മറ്റൊരു ഫോണില്‍ നിന്നും അച്ഛനെ വിളിച്ച് ഫോണ്‍ തകരാറിലാണെന്ന് പറയുകയും ഫോണ്‍ നന്നാക്കിയ ശേഷം തിരിച്ചു വിളിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

മൗസയുടെ വീട്ടിലേക്ക് വിളിച്ചതിന്‍റെ ഫോണ്‍ റെക്കോര്‍ഡ് ഇയാള്‍ തന്നെ പെണ്‍കുട്ടിയ്ക്ക് അയച്ചുകൊടുത്തതായും അതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ താമസ സ്ഥലത്ത് എത്തി ഫോണ്‍ കൈവശപ്പെടുത്തിയെന്നുമാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
أحدث أقدم