തൃശൂർ ചാലക്കുടിയിൽ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയ്ക്ക് സമാനമായി ബിഹാറിലും കവർച്ച. വൈശാലി ജില്ലയിലെ ഹാജിപുർ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. മാസ്ക് ധരിച്ച് ചെറിയ കൈത്തോക്കുമായി വന്ന് രണ്ട് കൗമാരക്കാരാണ് കവർച്ച നടത്തിയത്. വെറും 90 സെക്കൻഡിനുളളിൽ 1.5 ലക്ഷം കവർന്ന ശേഷം സംഘം ബാങ്ക് ജീവനക്കാരേയും ഉപഭോക്താക്കളേയും പൂട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിൽ മോഷണം നടത്തുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊളളക്കാരിൽ ഒരാൾ ബാങ്കിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുളള ഉപഭോക്താക്കളെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം രണ്ടാമൻ പണം കവരുകയായിരുന്നു.