കണ്ണൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയായ ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പരാതി. ഷെറിന്‍ പിടിച്ചു തള്ളുകയും ഷബ്‌ന അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
കോളിളക്കം സൃഷ്ടിച്ച ഭാസ്‌കര കാരണവര്‍ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയായ ഷെറിന് ശിക്ഷാ ഇളവ് നല്‍കിയ മന്ത്രിസഭാ തീരുമാനം വിവാദത്തിന് വഴിവെച്ചിരുന്നു. ഷെറിന് മാനസാന്തരം വന്നെന്നും നല്ല നടപ്പെന്നും വിലയിരുത്തിയായിരുന്നു ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം. 20 വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച രോഗികളായവര്‍ വരെ ജയിലുകളിലുണ്ടെന്നാണ് ശിക്ഷാ ഇളവിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്.