ദളിത്- ന്യൂനപക്ഷ പദ്ധതികള്‍ വെട്ടിനിരത്തിയിട്ടും മിണ്ടാതെ LDF ഘടകകക്ഷികള്‍; പറക്കാത്ത ഹെലികോപ്റ്ററിന് കോടികള്‍ നല്‍കാന്‍ ഖജനാവില്‍ കാശുണ്ട്..


കോട്ടയം : ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകളും, പട്ടികജാതി വിഭാഗത്തിപ്പെട്ടവരുടെ പദ്ധതികള്‍ക്കുള്ള ധനസഹായങ്ങളും, മറ്റ് ആനുകൂല്യങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വെട്ടിക്കുറച്ചിട്ടും വിദ്യാര്‍ത്ഥി – രാഷ്ട്രീയ സംഘടനകള്‍ക്ക് മിണ്ടാട്ടമില്ല. ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ പദ്ധതികളില്‍ 60 ശതമാനം വെട്ടിക്കുറച്ചിട്ടും തിരുത്തല്‍ ശക്തിയെന്ന് മേനി നടിക്കുന്ന സിപിഐ കമാ എന്നൊരക്ഷരം പറഞ്ഞില്ല. ഭരണമുന്നണിയിലെ ഘടക കക്ഷികളെല്ലാം തന്നെ സമ്പൂര്‍ണ്ണ മൗനത്തിലാണ്.

എലപ്പുള്ളി മദ്യനിര്‍മ്മാണ യൂണിറ്റിനെതിരെ ചന്ദ്രഹാസമിളക്കിയ സിപിഐയും ആര്‍ജെഡിയും പാവപ്പെട്ട ദളിത്- ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സഹായം വെട്ടിക്കുറച്ചതിനെക്കുറിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് പട്ടികജാതി വിഭാഗങ്ങളുടെ പദ്ധതി വിഹിതം ഇത്ര ദയാരഹിതമായി വെട്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് ഈ കടുംവെട്ട് നടത്തുന്നതെങ്കിലും സര്‍ക്കാര്‍ വക ധൂര്‍ത്തിനും ആഡംബരത്തിനും ഒരു കുറവുമില്ല. ഒരു കൊല്ലമായി പറക്കാതെ കിടക്കുന്ന ഹെലികോപ്റ്ററിന് വാടകയിനത്തില്‍ 7 കോടി 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും ഒരു കുറവുമില്ല.

വിദേശ രാജ്യങ്ങളിലേതു പോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തില്‍ ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്ന ഒരു അന്താരാഷ്ട സെമിനാറില്‍ പ്രസംഗിച്ചിരുന്നു. ഇത് പറഞ്ഞ അതേ മന്ത്രിയാണ്ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചത്. ഒപ്പം ദുര്‍ബല ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങളും ഇല്ലാതാക്കി.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായപദ്ധതി, ലൈഫ് മിഷന്‍ വഴി വീടും ഭൂമിയും നല്‍കുന്ന പദ്ധതി തുടങ്ങിയവക്ക് വകയിരുത്തിയ തുകയുടെ 50 ശതമാനമാണ് വെട്ടിക്കുറച്ചത്. 60 ശതമാനം വെട്ടിക്കുറവാണ് പട്ടികജാതി വിഭാഗങ്ങളുടെ ഭവനപദ്ധതിയില്‍ മാത്രം വരുത്തിയത്. പട്ടികജാതി കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം, അവരുടെ വിദ്യാഭ്യാസവും സാമൂഹിക നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘വാത്സല്യനിധി’ എന്നിവയെല്ലാം അവതാളത്തിലായ സ്ഥിതിയാണ്.

ദളിത്- ന്യൂനപക്ഷ പ്രേമം തരാതരം പോലെ വാരി വിതറുന്ന സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഈ നീതികേടിനെതിരെ പ്രതികരിക്കാതെ ഒളിച്ചു കളിക്കുകയാണ്.


Previous Post Next Post