കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി...



കോഴിക്കോട് നിന്നും കാണാതായ 13കാരനെ കണ്ടെത്തി. പൂണെയിൽ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 24 നാണ് വേദവ്യാസ സ്കൂൾ ഹോസ്റ്റലിൽ നിന്നും കുട്ടി സാഹസികമായി കടന്നുകളഞ്ഞത്. ബിഹാർ സ്വദേശിയായ സൻസ്കാർ കുമാർ ആണ് ഹോസ്റ്റൽനിന്ന് പോയത്. തുടര്‍ന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ ഹോസ്റ്റൽ അധികൃതര്‍ പരാതി നൽകുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂണൈയിലുള്ളതായുള്ള വിവരം ലഭിച്ചത്. ഇക്കഴിഞ്ഞ 24ന് പാലക്കാട് നിന്ന് കന്യാകുമാരി -പൂണെ എക്സ്പ്രസിൽ കുട്ടി കയറിയതിന്‍റെ വിവരം പൊലീസ് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂണെയിൽ നിന്ന് കണ്ടെത്താനായത്. പൂണെയിലേക്ക് പോകുമെന്ന് സഹപാഠികളോട് കുട്ടി നേരത്തെ പറഞ്ഞിരുന്നു. കുട്ടി ഏതു ട്രെയിനിലാണ് കയറിയതെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ സംശയമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പാണ് പാലക്കാട് നിന്നും ട്രെയിൻ കയറുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതാണ് കുട്ടിയെ കണ്ടെത്താൻ നിര്‍ണായകമായത്.

Previous Post Next Post