14.8 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; നടി രന്യ റാവു അറസ്റ്റില്‍...




ബംഗലൂരു: സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണമാണ് നടിയില്‍ നിന്നും പിടിച്ചെടുത്തത്. ബംഗലൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വെച്ചാണ് നടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.

ദുബായില്‍ നിന്നാണ് രന്യ സ്വര്‍ണം കടത്തിയത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്. ഇതേത്തുടര്‍ന്നാണ് ഡിആര്‍ഐ നടിയെ നിരീക്ഷിച്ചത്.

കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറുടെ മകളാണ് പിടിയിലായ നടി. വിമാനത്താവളത്തില്‍ പിടികൂടിയപ്പോള്‍ നടി ഡിജിപിയുടെ മകളാണെന്ന് പറഞ്ഞെങ്കിലും ഡിആര്‍ഐ വിട്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.

സാധാരണ വിമാനത്താവളത്തിലെത്തി ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് പൊലീസ് എസ്‌കോര്‍ട്ടോടെ പരിശോധന കൂടാതെ പുറത്തു കടക്കുകയായിരുന്നു പതിവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നടിയുടെ പക്കല്‍ നിന്നും കണ്ടെടുത്ത സ്വര്‍ണത്തിന് 12.5 കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
Previous Post Next Post