
കാസർകോട് പൈവളിഗയിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾക്ക് 20 ദിവസത്തെ പഴക്കം. പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി പെൺകുട്ടിയുടെ സഹോദരൻ രംഗത്തെത്തി. വീടിന് അടുത്തുണ്ടായിട്ട് പോലും പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്ന് സഹോദരൻ ആരോപിച്ചു. ഇത്ര ടെക്‌നോളജി ഉണ്ടായിട്ടും പെൺകുട്ടിയെ കണ്ടെത്താൻ വൈകിയെന്നും സഹോദരൻ ആരോപിച്ചു.
പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോസഗസ്ഥന് ഹൈക്കോടതി നിർദേശം നൽകി. പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.