പഞ്ചായത്ത് പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസില്‍ പ്രതിയായ തൃശ്ശൂര്‍ എടത്തിരുത്തി സ്വദേശി ചെമ്പകശ്ശേരി ബാലകൃഷ്ണന്‍ മകന്‍ വിശാഖിനെ 2 വര്‍ഷം തടവിനും 20,000 രൂപ പിഴ അടയ്ക്കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള തൃശൂര്‍ എസ്.സി./ എസ്.ടി. സ്പെഷല്‍ കോടതി ജഡ്ജ് കെ. കമനീസ് ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം പ്രതി 2 മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴ അടയ്ക്കുന്ന പക്ഷം, പിഴ സംഖ്യയില്‍ നിന്ന് ഇതിലെ ഇരയായ വ്യക്തിക്ക് നല്‍കണമെന്നും വിധി ന്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
2014 ഫെബ്രുവരി 3 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ അച്ഛന്‍ ബാലകൃഷ്ണന്റെ സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കനാലിലെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ മതില്‍ നിര്‍മ്മാണം നടക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, അന്നത്തെ പഞ്ചായത്ത് വികസന കമ്മറ്റി ചെയര്‍മാനായിരുന്ന കെ.ആർ. ഹരിയോടൊപ്പം സംഭവസ്ഥലത്ത് ചെന്ന എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ. വി. സതീഷിനെയാണ് പ്രതി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.
2014 ല്‍ മതിലകം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന വി.ആര്‍. മണിലാല്‍ രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ആയിരുന്ന പി.എ. വര്‍ഗ്ഗീസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയ്ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഇ.എസ്. സിജിത്ത് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. കേസിലെ തെളിവിലേക്കായി പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.കെ. കൃഷ്ണന്‍ ഹാജരായി.