ആവിയിൽ വേവിച്ച് എടുക്കുന്നതുകൊണ്ട് തന്നെ വളരെ ആരോഗ്യകരമായ ഭക്ഷണമായാണ് ഇഡ്ഡലിയെ കണക്കാക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാകുന്നത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരെ വരുത്തുന്നു. അടുത്തിടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കിയ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയാണ് കർണാടക സർക്കാർ എടുത്തത്.
പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഉയർന്ന ചൂടിൽ ഇഡ്ഡലി വേവിക്കുമ്പോൾ പുറത്തുവരുന്ന ദോഷകരമായ രാസവസ്തുക്കൾ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ.
പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചപ്പോൾ അവ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. കൂടാതെ ഈ ഇഡ്ഡലികളിൽ കാർസിനോജെനിക് പോലുള്ള ക്യാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നും പരിശോധനയിൽ മനസിലായി.ഇഡ്ഡലി ഉണ്ടാകുമ്പോൾ ഇത്തരത്തിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചാൽ ഭക്ഷണത്തിൽ വിഷരാസവസ്തുക്കൾ കലരുന്നതിന് കാരണമാകും. പല പ്ലാസ്റ്റിക് ഷീറ്റുകളിലും ബിസ്‌ഫെനോൾ എ (ബിപിഎ), ഫെഥാറേറ്റുകൾ മറ്റ് എൻഡോക്രെെൻ (രാസവസ്തുക്കൾ) എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചൂടാക്കുമ്പോൾ ഭക്ഷണത്തിൽ ചേരുന്നു. ഇവ കാലക്രമേണ ശരീരത്തിൽ അടിഞ്ഞുകൂടി ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയ്ക്കുള്ള സാദ്ധ്യതയാണ് വർദ്ധിപ്പിക്കുന്നത്.സംഭവത്തിൽ കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉൾപ്പടെ രംഗത്തെത്തിയിരുന്നു. 251 ഹോട്ടലുകളിൽ 52 ഹോട്ടലുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. നേരത്തെ ഇഡ്ഡലി പാകം ചെയ്യാൻ തുണി ഉപയോഗിച്ചിരുന്നുവെങ്കിലും അടുത്തിടെ പല ഹോട്ടലുകളും പ്ലാസ്റ്റിക് ഉപയോഗിക്കാൻ തുടങ്ങിയതായും റാവു പറയുന്നു.