കേരളത്തില്‍ പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. 55 വയസിന് മുകളിലുള്ള രോഗികളുടെ എണ്ണത്തിലും വർദ്ധനയുണ്ട്.സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത്(എംസിഡിഡി) 2023 റിപ്പോര്‍ട്ട് അനുസരിച്ച് 2014ല്‍ മൊത്തം മരണങ്ങളില്‍ 10.3 ശതമാനമായിരുന്നു പ്രമേഹവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലമുള്ള മരണനിരക്ക്. 2023 ആയപ്പോഴെക്കും മരണനിരക്ക് 19.09 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇന്ത്യ ഡയബറ്റിസ് നടത്തിയ ഒരു പഠനത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 42ശതമാനം പേര്‍ പ്രമേഹ രോഗികളോ പ്രീ ഡയബറ്റിക്കോ ആണ്. ഈ പശ്ചാത്തലത്തിലാണ് പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളുടെ എണ്ണം 3.36% കുറഞ്ഞു. അതേസമയം എന്‍ഡോക്രൈന്‍, പോഷകാഹാരക്കുറവ്, ഉപാപചയ രോഗങ്ങള്‍, പ്രമേഹം എന്നിവ മൂലമുള്ള മരണനിരക്ക് 6.8 ശതമാനം വര്‍ധിച്ചു. ഇതില്‍ പ്രമേഹത്തിന്‍റെ പങ്ക് 93 ശതമാനമാണെന്നും കണക്ക് വ്യക്തമാക്കുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒരു പ്രധാന രോഗമാണ് പ്രമേഹമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ ഡയറക്ടറും സിഇഒയുമായ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. പ്രമേഹം ബാധിക്കുന്ന ചെറുപ്പക്കാരുടെ അനുപാതം വര്‍ധിച്ചുവരുന്നുണ്ട്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട പ്രായപരിധിയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു.പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പ്രധാനമായും 30 വയസിനു ശേഷമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.