65 -കാരനും ഫിസിക്സ് അധ്യാപകനുമായ തന്‍റെ അച്ഛനെ കുറിച്ച് മകനെഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂഷനുകളില്‍ സീനിയര്‍ അധ്യാപകര്‍ അനുഭവിക്കുന്ന അവഹേളത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തന്നെ കുറിപ്പ് കാരണമായി.
എന്‍റെ അച്ഛൻ വലിയ യോഗ്യതയുള്ള ഒരു ഫിസിക്സ് അധ്യാപകനാണ്. അദ്ദേഹത്തിന്‍റെ ഒരേയൊരു ആഗ്രഹം ബഹുമാനിക്കപ്പെടുക എന്നതാണ്. എന്നാല്‍ അത് സ്വകാര്യ സ്കൂളുകളിൽ ആവശ്യപ്പെടാൻ കഴിയില്ലെന്ന് മകനെഴുതി. കാണ്‍പൂർ ഐഐടിയിൽ നിന്നും എംഎസ്സി പൂർത്തിയാക്കിയ അച്ഛന്‍ 30 വർഷത്തോളം അദ്ധ്യാപകനായിരുന്നു. വൈകിയായിരുന്നു അദ്ദേഹത്തിന്‍റെ വിവാഹം. അതിനാല്‍ തന്നെ താനിക്ക് ചെറുപ്പമാണെന്നും മകന്‍ തുടരുന്നു. താന്‍ ചെറിയ ജോലികൾ ചെയ്തും ഫ്രീലാന്‍സായി എഴുതിയും പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതൊന്നും കുടുംബത്തിനെ പിന്തുണയ്ക്കാനുള്ള തുക ആകുന്നില്ലെന്നും മകനെഴുതി.
അച്ഛന്‍ ഇന്ന് തന്നോട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. ജോലി സ്ഥലത്ത് താന്‍ നിരന്തരം അപമാനിക്കപ്പെടുന്നെന്നും അധിക്ഷേപിക്കപ്പെടുകയാണെന്നും അദ്ദേഹം തന്നോട് പറഞ്ഞു. ഇനിയും അത് താങ്ങാനാകില്ലെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും അദ്ദേഹം എഴുതി. ഒരു വര്‍ഷം മുമ്പാണ് തനിക്ക് അമ്മയെ നഷ്ടപ്പെട്ടത്. അച്ഛനെ കൂടി നഷ്ടപ്പെടാന്‍ കഴിയില്ല. ഇന്ന് അദ്ദേഹം മാത്രമാണ് തനിക്ക് ആശ്രയം. കൊവിഡ് വ്യാപനത്തെ തുടർന്ന് അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. അങ്ങനെ തനിക്ക് കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ലെന്നും മകനെഴുതി. ഫ്രീലാന്‍സ് എഴുതി അദ്ദേഹത്തെ സഹായിരിക്കാന്‍ തീരുമാനിച്ചത് അങ്ങനയാണ്. സഹോദരന്‍ ഒരാളുണ്ട്. വലിയ അറിവുള്ളയാൾ, പക്ഷേ അവനിത് അര്‍ഹിക്കുന്നില്ല. കുട്ടിക്കാലം മുതല്‍ക്കെ അച്ഛന്‍ കഷ്ടപ്പാടുകൾ അനുഭവിച്ചാണ് വളര്‍ന്നത്. സ്വന്തം നിലയിലാണ് അദ്ദേഹം ഐഐടി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കിയത്. അങ്ങനെയുള്ള അച്ഛനെ തനിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മകന്‍ ആവര്‍ത്തിച്ചു. ഇന്ന് എനിക്ക് അവശേഷിച്ചിരിക്കുന്ന ഒരേയൊരു ലോകം അത് മാത്രമാണ്. നിങ്ങളിലാരെങ്കിലും എന്നെ സഹായിക്കണമെന്നും മകന്‍ സമൂഹ മാധ്യമത്തിലെഴുതി.