കൊച്ചി : സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. മാർച്ചിലെ മൂന്നു ദിവസത്തിനുള്ളിൽ 88 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 185 പേർ രോഗം സംശയിച്ച് ചികിത്സ തേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഉഷ്ണകാലാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന രോഗമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് പ്രകടമായ ലക്ഷണം. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ലക്ഷണം മഞ്ഞപ്പിത്തമാണ്. ജനുവരിയിൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് മൂന്ന് പേരാണ് സംസ്ഥാനത്ത് മരിച്ചത്. 927 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1630 പേരാണ് രോഗം സംശയിച്ച് ചികിത്സ തേടിയത്. ഫെബ്രുവരിയിൽ 780 പേർക്ക് രോഗബാധയുണ്ടായി. നാലുപേർ മരിച്ചു. 1774 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ഈ വർഷം ഇതുവരെ 1796 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. എട്ടുപേർ രോഗം ബാധിച്ച് ജീവൻ പൊലിഞ്ഞു. സംശയകരമായി 3554 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഏഴുപേർക്ക് ഹെപ്പറ്റൈറ്റിസ് ഇ-യും സ്ഥിരീകരിച്ചു.
*എന്താണ് മഞ്ഞപ്പിത്തം?*
മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ്ബാധ മലിനമായതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി വേഗം പകരും. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
*കുടിവെള്ളം ശ്രദ്ധിക്കണം:*
കുടിവെള്ളം ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നിവ രോഗം പകരാൻ കാരണമാകുന്നു. വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂടുവെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടാൻ കാരണമാകും.
*പ്രതിരോധ മാര്‍ഗങ്ങള്‍*
> തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്.
> ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്ന ശേഷവും കൈകള്‍ സോപ്പിട്ട് നന്നായി കഴുകുക.
> കിണറിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക.
> വൃത്തിഹീന സാഹചര്യത്തില്‍ പാകംചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.
> പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.
> ജീവിതശൈലീ രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗബാധിതര്‍ തുടങ്ങിയവരില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലായി രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം ചികിത്സ തേടണം.