എന്നാൽ ഷഹാബാസിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയ ആളുകളെ അറിയില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഷഹബാസിന്റെ സുഹൃത്തിനെ രണ്ടു ദിവസം മുമ്പ് അടിച്ച പ്രശ്നം ഉണ്ടായിരുന്നു. ഡാൻസ് പരിപാടിയുടെ ഭാഗം ആയിരുന്നു ഇത്. പിന്നാലെയാണ് ഭീഷണിയുണ്ടായതെന്നും ഷഹബാസ് നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിൽ സ്വകാര്യ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ഡാൻസിന്റെ പാട്ടു നിലച്ചതിനെച്ചൊല്ലിയുളള നിസാര തർക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കും ഒടുവിൽ പത്താം ക്ലാസുകാരന്റെ മരണത്തിലേക്കും നയിച്ചത്. പരിപാടിയിൽ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾ ഡാൻസ് ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഫോൺ തകരാറിലായി പാട്ടു നിലയ്ക്കുകയും നൃത്തം തടസപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കൂക്കി വിളിച്ചു. കൂക്കി വിളിച്ച കുട്ടികളോട് നൃത്തം ചെയ്ത എളേറ്റിൽ എംജെ സ്കൂളിലെ പെൺകുട്ടി ദേഷ്യപ്പെടുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.
ഈ പ്രശ്നം ട്യൂഷൻ സെന്റർ ജീവനക്കാർ ഇടപെട്ട് പരിഹരിച്ചെങ്കിലും ഒരു വിഭാഗം കുട്ടികളുടെ മനസിൽ പകയും പ്രതികാരവും വിട്ടുപോയിരുന്നില്ല. വാട്സ് ആപ് ഗ്രൂപ്പുകൾ വഴി കണക്ക് തീർക്കണമെന്ന തരത്തിൽ ചർച്ചകൾ തുടങ്ങി. ഇതാണ് നടു റോഡിലെ ഏറ്റുമുട്ടലിലേക്കെത്തിച്ചതും ഒരു കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതും. നാലു മണിക്ക് കൂട്ടുകാരിലൊരാൾ ഷഹബാസിനെ സംഘർഷം നടന്ന സ്ഥലത്തേക്ക് കൂടിക്കൊണ്ടു പോവുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.