ഡാമുകൾക്കു ചുറ്റും ബഫർ സോൺ: ഉത്തരവ് പിൻവലിക്കും..




തിരുവനന്തപുരം : ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ വൃഷ്ടിപ്രദേശത്തിന് ചുറ്റും ബഫർസോൺ ഏർപ്പെടുത്തിയുള്ള ഉത്തരവ് പിൻവലിക്കും. ഈ ആവശ്യമുന്നയിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനിടെ മന്ത്രി റോഷി അഗസ്റ്റിനാണ് നിയമസഭയിൽ ഇക്കാര്യമറിയിച്ചത്.മോൻസ് ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എല്ലാ ഡാമുകളുടെയും 20 മീറ്റർ വരെയുള്ള പ്രദേശം ബഫർ സോണായും പിന്നീടുള്ള നൂറ് മീറ്ററിൽ നിർമാണ പ്രവർത്തനങ്ങൾക്ക് എൻഒസി വേണമെന്നുമായിരുന്നു ഉത്തരവ്. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാണ് ഉത്തരവ് പിൻവലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഡാമുകൾ നിലവിൽ വന്നിട്ട് പതിറ്റാണ്ടുകളായി. ഇതുവരെ ഇല്ലാത്ത നിയന്ത്രണമാണ് ഉത്തരവിലൂടെ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹൈക്കോടതിയിലെ കേസാണ് ഉത്തരവിന് കാരണമെന്ന് മന്ത്രി പറയുന്നത് ശരിയല്ല. കേസിന്റെ വർഷം ഉത്തരവിലില്ല. വെബ്സൈറ്റിൽ 2024-ലാണ് ഈ കേസ് വന്നത്. എന്നാൽ, 2023-ൽത്തന്നെ സർക്കാർ എൻഒസി സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടർന്ന് ഉത്തരവ് പിൻവലിക്കുന്നതായി മന്ത്രി അറിയിക്കുകയായിരുന്നു.


Previous Post Next Post