ഉപയോക്താക്കളിൽ നിന്നും ബിൽ തുക പിരിച്ച് തട്ടിപ്പ്; കെഎസ്ഇബി ലൈൻമാന് സസ്പെൻഷൻ




തിരുവനന്തപുരം: ഉപയോക്താക്കളിൽ നിന്നും ബിൽ തുക പിരിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കെഎസ്ഇബി ലൈൻമാനെ സസ്പെൻഡ് ചെയ്തു. മലയൻകീഴ് സെക്ഷൻ ഓഫിസിലെ ലൈൻമാനായിരുന്ന എം.ജെ. അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. 40 പേരിൽ നിന്നായി 39,800 രൂപയാണ് ഇയാൾ ബിൽ അടയ്ക്കാമെന്നു പറഞ്ഞ് പിരിച്ചെടുത്തത്.

ബില്ലടച്ചില്ലെന്നു മാത്രമല്ല, ഇവരുടെയെല്ലാം വൈദ‍്യുതി വിച്ഛേദിച്ചുവെന്ന റിപ്പോർട്ട് സെക്ഷൻ ഓഫീസിൽ നൽകുകയും ചെയ്തു. 99.8 ശതമാനം ബിൽ തുക പിരിഞ്ഞു കിട്ടുന്ന ഓഫീസാണ് മലയൻകീഴ്.

ഗാർഹിക ഉപയോക്താക്കളിൽനിന്നുള്ള വരുമാനത്തിൽ പെട്ടെന്നുണ്ടായ കുറവ് അസിസ്റ്റന്‍റ് എൻജിനീയറുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്നു നടത്തിയ പരിശോധനയിൽ കൃത്രിമം കണ്ടുപിടിക്കുകയുമായിരുന്നു.

തട്ടിപ്പ് പുറത്തായതോടെ ഉപയോക്താക്കളുടെ ബിൽ അനിൽകുമാർ തന്നെ അടച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി അനിൽകുമാറിനെ പേയാട് സെക്ഷൻ ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്നാണ് സസ്പെൻഷൻ നടപടി.
Previous Post Next Post