നാരങ്ങാനം വില്ലേജ് ഓഫീസർക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു. 2022 മുതൽ കെട്ടിടനികുതി അടക്കാനുള്ളത് ചൂണ്ടികാട്ടിയാണ് വില്ലേജ് ഓഫീസർ ജോസഫ്, എം.വി സഞ്ജുവിനെ ഫോണിൽ ബന്ധപ്പെട്ടത്.2022 മുതൽ 2025 വരെ അടയ്ക്കാമെന്ന് പറയുന്നുണ്ടെങ്കിലും നികുതിതുക അടച്ചിട്ടില്ലെന്നും ഡെപ്യൂട്ടി കളക്ടറോടും കളക്ടറോടും മറുപടി പറയേണ്ടത് തങ്ങളാണെന്നും നിങ്ങളൊക്കെ വലിയ ആളുകളാണെന്നും വില്ലേജ് ഓഫീസർ സഞ്ജുവിനോട് പറയുന്നു. സാഹചര്യമുണ്ടെങ്കിൽ നാളെ ഉച്ചയ്ക്ക് മുമ്പ് കെട്ടിടനികുതി അടയ്ക്കണമെന്നും വില്ലേജ് ഓഫീസർ നിർദേശം നൽകി.
ആദ്യം സൗഹൃദപരമായി മുന്നോട്ട് നീങ്ങിയ സംഭാഷണം പിന്നീട് പ്രകോപനപരമാകുകയായിരുന്നു. ഏത് നാട്ടുകാരനാണെന്ന് ഏരിയസെക്രട്ടറി ചോദിച്ചപ്പോൾ ഞാൻ ഈ കേരളത്തിൽ തന്നെയുള്ള ആളാണെന്നായിരുന്നു വില്ലേജ് ഓഫീസർ മറുപടി നൽകിയത്. ഇനിയിത് നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല, നികുതി അടയ്ക്കണമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. അടച്ചില്ലെങ്കിലോ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് നടപടി സ്വീകരിക്കുമെന്നു ഓഫീസർ പറഞ്ഞതോടെയാണ് ഇയാൾ അസഭ്യവാക്കുകൾ ഉപയോഗിക്കുകയും വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്.വില്ലേജ് ഓഫീസർ തന്നെ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ ഭാഗികമായ ഭാഗം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. പത്തനംതിട്ട ഏരിയ സെക്രട്ടറി ശബ്ദരേഖ നിഷേധിച്ചിട്ടില്ല. വില്ലേജ് ഓഫീസറാണ് പ്രകോപനപരമായി സംസാരിച്ചതെന്നും പറഞ്ഞു.