പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴിയെടുത്ത് പൊലീസ്. ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഭാര്യ മൊഴി നൽകിയത്. സഹികെട്ടാണ് വീട്ടിൽ നിന്നിറങ്ങിപ്പോയത്. താനിപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരക്ക് അറിയില്ല.
ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ല. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ഭാര്യ മൊഴി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്.
ജനുവരി 27 നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ൽ സുധാകരന്‍റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി ജാമ്യം റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ചെന്താമര സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുന്നത്.
ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു.
ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചെത്തിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്.